Latest Updates

ന്യൂഡല്‍ഹി: ഇന്ത്യ - പാകിസ്ഥാന്‍ മത്സരം നടക്കട്ടെയെന്ന് സുപ്രീംകോടതി. മത്സരം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന ഹര്‍ജിക്കാരുടെ ആവശ്യം കോടതി നിരാകരിച്ചു. ജസ്റ്റിസ് ജെ കെ മഹേശ്വരി, ജസ്റ്റിസ് വിജയ് ബിഷ്‌ണോയ് എന്നിവരുടെ ബെഞ്ചിന് മുമ്പാകെയാണ് ഹര്‍ജി മെന്‍ഷന്‍ ചെയ്തത്. ഞായറാഴ്ചയാണ് ഇന്ത്യ- പാകിസ്ഥാന്‍ ക്രിക്കറ്റ് മത്സരം നടക്കുന്നത്. അതിനാല്‍ നാളെത്തന്നെ ഹര്‍ജി പരിഗണിക്കണമെന്ന് ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടു. എന്തിനാണ് ഇത്ര തിടുക്കപ്പെട്ട് പരിഗണിക്കുന്നത്. അതൊരു മത്സരമല്ലേ, നടക്കട്ടെ എന്ന് ജസ്റ്റിസ് ജെ കെ മഹേശ്വരി അഭിപ്രായപ്പെട്ടു. ഈ ഞായറാഴ്ചയല്ലേ മത്സരം?. അതില്‍ നമുക്ക് എന്തുചെയ്യാന്‍ കഴിയും?. മത്സരം നടക്കട്ടെ. കോടതി പറഞ്ഞു. ഏഷ്യാകപ്പിലെ ഇന്ത്യ- പാക് മത്സരം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നാലു നിയമവിദ്യാര്‍ത്ഥികളാണ് സുപ്രീംകോടതിയെ സമീപിച്ചത്. ദേശീയ താല്‍പ്പര്യത്തേക്കാള്‍ വലുതല്ല ക്രിക്കറ്റെന്നും, പഹല്‍ഗാം ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഞായറാഴ്ചത്തെ ക്രിക്കറ്റ് മത്സരം റദ്ദാക്കണമെന്നുമാണ് പൊതുതാല്‍പ്പര്യ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്. പാകിസ്ഥാനെതിരായ മത്സരം റദ്ദാക്കുന്നതിനൊപ്പം ക്രിക്കറ്റിനെ നാഷണല്‍ സ്‌പോര്‍ട്‌സ് ഫെഡറേഷന് കീഴില്‍ കൊണ്ടു വരണമെന്നും ഹരജിക്കാര്‍ ആവശ്യപ്പെട്ടിരുന്നു.

Get Newsletter

Advertisement

PREVIOUS Choice